ഇന്നത്തെ പത്രം ശ്രദ്ധിച്ചവര്‍ മറക്കാന്‍ ഇടയില്ലാത്ത ഒരു വാര്‍ത്തയാണ് ബന്ധുക്കളായ ആറു പേര്‍ വാഹനാപകടത്തില്‍ മരണപെട്ട വാര്‍ത്ത. കുടുംബ സുഹൃത്തിന്റെ അനിയനും കുടുംബവും എന്ന നിലയില്‍ അവരില്‍ മൂന്ന് പേരുടെ ശവശരീരങ്ങള്‍ കാണാന്‍ ഇന്ന് എനിക്കും പോകേണ്ടി വന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ദൃശ്യം കാണേണ്ടി വരുന്നത്. അപ്പന്‍, അമ്മ , ഇളയ മകന്‍ - മകനെ അപ്പന്റെയും അമ്മയുടെയും ഇടക്കായി കിടതിയിരിക്കുന്നു വെവ്വേറെ മൊബൈല്‍ മോര്ച്ചരികളില്‍. ഇനി ആ കുടുംബത്തില്‍ അവശേഷിക്കുന്നത് രണ്ടു പെണ്‍മക്കള്‍ മാത്രം. നമ്മളെ സംബന്ധിച്ച് അത് വെറും വാര്‍ത്ത ആയി അവസാനിച്ചു. പക്ഷെ ആ കുടുംബം ? ആ മക്കള്‍? ഒരിക്കലും തിരിച്ചു വരാന്‍ ആവാത്ത വിധം അവര്‍ പോയി എന്ന് എത്ര പറഞ്ഞാലും ആ മക്കള്‍ വിശ്വസിക്കുമോ? അച്ഛനും അമ്മയും കുഞ്ഞനുജനും ദൈവം വിളിച്ചു കൊണ്ട് പോയതാ എന്ന് പറഞ്ഞാല്‍ അവരുടെ മറുപടി എന്തായിരിക്കും? ദൈവം എന്തിനു അവരോടു ഇങ്ങനെ ചെയ്തു എന്ന് ഒരു നിമിഷം എങ്കിലും ആലോചിക്കാത്ത എത്ര ദൈവവിശ്വാസികള്‍ നമ്മുക്ക് ഇടയില്‍ കാണും ? അവസാനം വിധി എന്ന രണ്ടു അക്ഷരങ്ങളില്‍ എല്ലാവരുടെയും ചിന്ത അവസാനിക്കും. ശേഷിക്കുന്നത് അനുഭവിക്കാന്‍ നഷ്ടപെട്ടവര്‍ മാത്രം. അവിടെ കരഞ്ഞു നിലവിളിക്കുന്ന ആരെയും ഞാന്‍ കണ്ടില്ല. അതില്‍ അത്ഭുതപെടാനുമില്ല . കരഞ്ഞു കണ്ണീരു വറ്റാത്ത ആരെങ്കിലും ആ കുടുംബത്തില്‍ കാണുമോ എന്ന് എനിക്ക് സംശയമാണ്. മൂന്നു സഹോദരങ്ങളെ ഒരുമിച്ചു നഷ്ടപെട്ട ഒരാളെയും ഞാന്‍ കണ്ടു. അദ്ദേഹത്തിന് അതില്‍ ഒരാളുടെ അടക്കു കൂടാന്‍ പോലും സാധിച്ചില്ല. ജീവിതത്തില്‍ എത്ര കഠിന ഹൃദയനും വിറങ്ങലിച്ചു പോകുന്ന നിമിഷങ്ങള്‍ അല്ലെ ഇത് എന്ന് തോന്നി പോകുന്നു. ഒരിക്കല്‍ പോലും ഇത്തരത്തില്‍ ഒരു അനുഭവം നമുക്ക് വരരുതേ എന്ന് അറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിച്ചു പോകും ഓരോ യുക്തിവാദിയും.
ജീവിതത്തില്‍ ജീവനും മരണവും തമ്മില്‍ ഉള്ള അകലം ഒരു നിമിഷം മാത്രം ആണ്. ആ ഒരു നിമിഷത്തില്‍ നമ്മള്‍ എന്തായിരിക്കും ചിന്തിക്കുക? നമ്മുടെ വേണ്ടപെട്ടവരെ പറ്റി ? നമ്മുടെ മാതാപിതാക്കള്‍ , മക്കള്‍, സഹോദരങ്ങള്‍ , സുഹൃത്തുക്കള്‍ , കാമുകന്‍ , കാമുകി ആരെ പറ്റി എങ്ങിലും ആയിക്കോട്ടെ.. പക്ഷെ ജീവിതത്തില്‍ ബാക്കി വെച്ച് പോകുന്ന ഒരുപാട് സ്വപ്‌നങ്ങള്‍ ഇങ്ങനെ അകാലത്തില്‍ പൊലിയുന്ന ഓരോ ജീവനും ഉണ്ട്. ജീവിതത്തിലെ കിട്ടിയ സന്തോഷങ്ങളെക്കാള്‍ കിട്ടാത്ത സന്തോഷങ്ങളെ പറ്റി കുറ്റം പറയുന്നവരാണ് ഞാന്‍ ഉള്‍പ്പടെ ഉള്ള ഭൂരിപക്ഷവും. അച്ഛന് ശമ്പളം പോര എന്ന് പരാതി പറയുന്നവരും അമ്മക്ക് സ്റ്റൈല്‍ പോര എന്ന് അടക്കം പറയുന്നവരും അനിയന്‍ ഇപ്പോഴും വഴക്കാണ് എന്ന വേവലാതിപെടുന്നവരും , അച്ഛന്‍ അമ്മ അനിയന്‍ എന്നിവര്‍ നഷ്ടപെട്ടവരെ ഒരിക്കല്‍ എങ്ങിലും കണ്ടുമുട്ടെണ്ടത് ആണ്. നമുക്ക് ചുറ്റും വേര്‍പാടിന്‍റെ വേദന അനുഭവിച്ചു ജീവിക്കുന്ന ഒരുപാട് പേരുണ്ട് എന്നത് പലപ്പോഴും നമ്മള്‍ മറക്കുന്നു.
ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ മറ്റുള്ളവരോട് വഴക്കിലും വിദ്വേഷത്തിലും തീര്‍ക്കാതെ സ്നേഹത്തിലും സാഹോദര്യത്തിലും ആയിരിന്നു കൂടെ എന്ന് ചിന്തിച്ചു പോകുന്നു. ഈ കൊച്ചു ജീവിതത്തില്‍ അതിലും കുറച്ച കാലത്തേക്ക് കണ്ടു മുട്ടുന്നവര്‍ മാത്രമാണ് നമ്മള്‍ ഓരോരുത്തരും. ഇത് ഒക്കെ പറയാന്‍ ഉള്ള അര്‍ഹത എനിക്ക് ഉണ്ടോ എന്ന് മാത്രമാണ് എനിക്ക് സംശയം. കഴിഞ്ഞ നാല് മാസങ്ങളായി രണ്ടു പേരോട് ( രണ്ടു മാസം വീതം) കൃത്യമായി വഴക്കുണ്ടാക്കി മിണ്ടാതെ നടന്നതാണ് ഞാന്‍. വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍. ഓരോരോ അനുഭവങ്ങള്‍ അല്ലെ പുതിയ ചിന്തകള്‍ നല്‍കുക ?
അകാലത്തില്‍ പൊലിഞ്ഞു പോയ ആ ആറു പേരുടെ പാവന സ്മരണക്ക് മുന്‍പില്‍ , അവരുടെ ബന്ധുക്കള്‍ക്ക് ഇവയൊക്കെ സഹിക്കാന്‍ ശക്തി നല്‍കണേ എന്നാ പ്രാര്‍ഥനയോടെ , വാഹനം ഓടിക്കുമ്പോള്‍ കുറച്ചു അധികം ശ്രദ്ധ നമ്മളെ കാത്തു ഇരിക്കുന്നവരെ പറ്റി ഉണ്ടാവട്ടെ എന്ന ചെറിയ ഒരു ഉപദേശത്തോടെ ഞാന്‍ വിട പറയുന്നു.
No comments:
Post a Comment